തൃഷയ്‌ക്കൊപ്പം അനശ്വര രാജന്‍; 'രാംഗി' ടീസര്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ കീര്‍ത്തിയെ അവതരിപ്പിച്ച അനശ്വര രാജന്റെ ആദ്യ തമിഴ് ചിത്രം രാംഗിയുടെ ടീസര്‍ റിലീസ് ചെയ്തു. തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസറില്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

എങ്കെയും എപ്പോതും, ഇവന്‍ വേറ മാതിരി തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിന്റെ സംവിധായകന്‍. എ.ആര്‍ മുരുഗദോസ് കഥയൊരുക്കിയിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്.

തിരക്കഥയും സംഭാഷണവും ശരവണന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം സി. സത്യ. നിര്‍മ്മാണം ലൈക പ്രൊഡക്ഷന്‍സ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.