ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും..; '2018'നെ ചാടികടന്ന ഷണ്‍മുഖന് ജൂഡിന്റെ മറുപടി

‘എമ്പുരാന്’ പിന്നാലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പിലാണ് ‘തുടരും’. റെക്കോര്‍ഡുകള്‍ തകര്‍ത്താണ് തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ കുതിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ജൂഡ് ആന്തണിയുടെ ‘2018’ ആണ്. ഈ റെക്കോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുടരും മറികടക്കും.

ഇതിനെ കുറിച്ചെത്തിയ ഒരു കമന്റിന് ജൂഡ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലാല്‍ കെയേഴ്‌സ് ഖത്തര്‍ എന്ന പേജില്‍ വന്ന പോസ്റ്റിനാണ് ജൂഡ് മറുപടി കൊടുത്തത്. കേരളാ ബോക്‌സ് ഓഫിസിലെ പുതിയ ടോപ്പ് ഗ്രോസര്‍ വരുന്നു എന്നാണ് പോസ്റ്റ്. ‘2018’നെ ചാടിക്കടക്കുന്ന ഷണ്‍മുഖനെ പോസ്റ്ററില്‍ കാണാം.

ഇതിന് ‘ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും’ എന്നായിരുന്നു ജൂഡ് ആന്തണിയുടെ മറുപടി. ജൂഡ് നല്‍കിയ ഈ മറുപടിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഒരു സംവിധായകന്‍ ഇത്തരത്തിലാണ് പ്രതികരിക്കേണ്ടത് എന്ന് ചിലര്‍ പറയുമ്പോള്‍ ജൂഡിന്റെ ഈ സ്വപ്നം സഫലമാകട്ടെ എന്നാണ് മറ്റു ചിലര്‍ കുറിച്ചിരിക്കുന്നത്.

89 കോടി രൂപയാണ് 2018 സിനിമ കേരളത്തില്‍ നിന്ന് നേടിയത്. മോഹന്‍ലാല്‍ ചിത്രം എമ്പുരാനാണ് രണ്ടാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്‌സ് ഓഫിസിലെ കലക്ഷന്‍. തുടരും ഇതുവരെ 73 കോടിയിലധികം രൂപയാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത്. അതേസമയം, മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് ജൂഡ് നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Read more