‘ഹൃദയം’ പുറത്തിറങ്ങിയതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടിയെക്കുറിച്ച് നടി ദർശന രാജേന്ദ്രൻ. പ്രണവിനൊപ്പം നായികയായി അഭിനയിച്ചതിന് നേരെ വിമർശനങ്ങൾ ഉയർന്നുവെന്ന് അനുപമ പരമേശ്വരനോടൊപ്പം ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവേ ദർശന വെളിപ്പെടുത്തി.
വിമർശനങ്ങളിൽ ഭൂരിഭാഗവും തന്റെ പ്രകടനത്തെക്കാൾ തന്റെ രൂപഭാവത്തിനാണ് പ്രാധാന്യം നൽകിയത്. പ്രണവ് മോഹൻലാലിന്റെ നായികയാകേണ്ടിയിരുന്നില്ല എന്ന് ചിലർ പറഞ്ഞു എന്നും ദർശന പറഞ്ഞു. ‘ഹൃദയം’ എന്ന സിനിമ വന്നപ്പോൾ ആളുകൾ സൗന്ദര്യ നിലവാരത്തെ ചോദ്യം ചെയ്യുകയും പ്രണവിന്റെ നായികയായി ഞാൻ ചേരുന്നില്ലെന്ന് പറയുകയും ചെയ്തപ്പോൾ എനിക്ക് അത് രസകരമായി തോന്നി’ നടി പറഞ്ഞു. ചിത്രം ഹിറ്റായിരുനെങ്കിലും തന്റെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വശങ്ങൾ ആദ്യം അവഗണിക്കാൻ പ്രയാസമായിരുന്നുവെന്ന് നടി സമ്മതിച്ചു.
2022 ലെ ഏറ്റവും ആഘോഷിക്കപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അതേസമയം, അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ‘പരദ’ എന്ന ചിത്രത്തിലാണ് ദർശന രാജേന്ദ്രൻ അടുത്തതായി അഭിനയിക്കുന്നത്.








