മമ്മൂട്ടിയുടെ പ്രീസ്റ്റ് ഏപ്രില്‍ 14-ന് ആമസോണില്‍

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാനാകും. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ സിനിമ ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും , മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുല്‍ രാജ്.