'അപ്രതീക്ഷിതമായ ട്വിസ്റ്റ്', മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റി'ന് ഗംഭീര വരവേല്‍പ്പ്, ആദ്യ പ്രതികരണങ്ങള്‍

ആരാധകരെ ആവേശം കൊള്ളിച്ച് മമ്മൂട്ടിയുടെ “ദ പ്രീസ്റ്റ്”. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആദ്യ പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനെ പുകഴത്തിയാണ് പ്രേക്ഷകരുടെ ട്വീറ്റുകള്‍. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ദ പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ട് എന്ന കുറ്റാന്വേഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-പ്രവീണ്‍ ചക്രപണി.