'കേരള ബോക്സോഫീസില്‍ ഇടിമുഴക്കം'; ആദ്യദിനം തന്നെ കോടികള്‍ വാരി 'ദ പ്രീസ്റ്റ്'

ആദ്യദിനം തന്നെ കോടികള്‍ നേടി മമ്മൂട്ടി ചിത്രം “ദ പ്രീസ്റ്റ്”. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആദ്യദിനം 2.05 കോടി രൂപയാണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഹൗസ്ഫുള്‍ ആയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. 1205 ഷോകളിലൂടെയാണ് ചിത്രം മികച്ച കളക്ഷന്‍ നേടിയത്.

കേരള ബോക്സോഫീസില്‍ ഇടിമുഴക്കം എന്ന കാപ്ഷനോടെയാണ് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം മാസ്റ്റര്‍ 1308 ഷോകളിലൂടെയാണ് ആദ്യ ദിനം 2.17 കോടി രൂപ കളക്ഷന്‍ നേടിയത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ദ പ്രീസ്റ്റ് എത്തിയത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയില്‍ ഫാദര്‍ ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

സെക്കന്‍ഡ് ഷോക്ക് അനുമതി ലഭിച്ചതോടെയാണ് ചിത്രം റിലീസ് ചെയ്തത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.