വിജയ് ഇനി ശിവമോഗ ജയിലില്‍; 'ദളപതി 64' ഷൂട്ടിംഗ് പുരോഗമിക്കുന്നു

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനി കര്‍ണാടകയിലെ ശിവമോഗ ജയിലില്‍. ഗ്യാംഗ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന “ദളപതി 64″ന്റെ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഡിസംബറില്‍ ശിവമോഗ ജയിലില്‍ ചിത്രീകരണം ആരംഭിക്കും.

ഡിസംബര്‍ ഒന്നുമുതല്‍ അടുത്ത വര്‍ഷം ജനുവരി 18 വരെയാണ് ജയിലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതിയുള്ളത്. കര്‍ണാടകയിലെ ഷൂട്ടിങ്ങിന് ശേഷം കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളിലെത്തുക.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്റണി വര്‍ഗീസ്, ഗൗരി ജി കൃഷ്ണന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. എക്സ്ബി ഫിലിം ക്രിയേറ്റേര്‍സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മ്മാണം.