സഹായഹസ്തം നീട്ടി '2018' ടീം; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ 2018 സിനിമയുടെ അണിയറക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 പേര്‍ കുട്ടികളും അഞ്ച് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമായിരുന്നു. കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7) പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (മൂന്ന്), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്) എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു.

Read more

പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദില്‍ന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10) എന്നിവരും നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38) ഉം അപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ക്ക് പുറമെ നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (മൂന്നര) എന്നിവരും അപകടത്തില്‍ മരിച്ചു.