സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണ് പുതിയ കളക്ടർമാർ.
ഡൽഹിയിലെ കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചുമതല നീക്കി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതലയിൽ നിന്ന് അബ്ദുൾ നാസർ ബിയെ ഒഴിവാക്കി.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഷീബ ജോർജിനെ നിയമിച്ചു.
എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കി. ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരിയെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. എസ് ചിത്രയെ നിയമിച്ചു. എ ഗീത റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. ഇവർക്ക് ഹൗസിങ് കമ്മീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, നിർമിതി കേന്ദ്രയുടെ ഡയറക്ടർ ചുമതലകളും നൽകി.
വിദ്യാഭ്യാസ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജെറോമിക് ജോർജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിരുന്ന എ നിസാമുദ്ദീനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടറായി നിയമിച്ചു. രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി ഡോ. അശ്വതി ശ്രീനിവാസിനെ ഡൽഹിയിൽ കേരള ഹൗസിൻ്റെ അഡീഷണൽ റസിഡൻ്റ് കമ്മീഷണറായി സ്ഥലംമാറ്റി. സംസ്ഥാന ഇൻഷുറൻസ് കോർപറേഷൻ വകുപ്പിൻ്റെ ഡയറക്ടർ ചുമതലയും ഇവർക്ക് നൽകി.
പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ഡോ. ജെഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു.
രജിസ്ട്രേഷൻ ഡിപ്പാർട്മെൻ്റ് ഐജി, സർവേ ആൻ്റ് ലാൻ്റ് റെക്കോർഡ് വകുപ്പ് ഡയറക്ടർ ചുമതലയിലേക്ക് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെ മാറ്റി നിയമിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിനെ ലാൻ്റ് റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മീഷണറായി നിയമിച്ചു.
മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരതിനെ എസ്‌സി എസ്‌ടി, പിന്നോക്ക സമുദായ വികസന വകുപ്പുകളുടെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
കോഴിക്കോട് സബ് കളക്ടർ ഹർഷിൽ ആർ മീണ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറാവും. ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ണനെ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കി. തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി കോട്ടയം സബ് കളക്ടർ ഡി രഞ്ജിത്തിനെ മാറ്റി നിയമിച്ചു. ലൈഫ് മിഷൻ സിഇഒ ആയി പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപതിയെ മാറ്റി നിയമിച്ചു.
Read more
മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കേരള കേഡറിൽ ജോലിയിൽ പ്രവേശിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലയും നിശ്ചയിച്ചു. അഞ്ജീത് സിങ് – ഒറ്റപ്പാലം, അതുൽ സാഗർ – മാനന്തവാടി, ആയുഷ് ഗോയൽ – കോട്ടയം, വിഎം ആര്യ – ദേവികുളം, എസ് ഗൗതം രാജ് – കോഴിക്കോട്, ഗ്രാന്ധി സായികൃഷ്ണ – ഫോർട്ടുകൊച്ചി, സാക്ഷി മോഹൻ – പെരിന്തൽമണ്ണ എന്നിവരാണ് പുതുതായി സബ് കളക്ടർമാരായി ചുമതലയേൽക്കുന്നത്.







