'ബോളിവുഡിലെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ചു കാണലാണ്'; താപ്സി പന്നു

ബോളിവുഡിലെ സിനിമാ ബഹിഷ്‌ക്കരണ കാംപയിനുകൾ തമാശയായി മാറിയെന്ന് നടി താപ്‌സി പന്നു. ആമിർ ഖാൻ ചിത്രം ‘ലാൽ സിങ് ഛദ്ദ’യ്‌ക്കെതിരെ സംഘ്പരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ നടക്കുന്ന ബഹിഷ്‌ക്കരണ കാംപയിനിനിടെയാണ് താപ്‌സി തന്റെ അഭിപ്രായം പറഞ്ഞത്. സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡുകൾ തന്നെ ബാധിക്കുന്നില്ലെന്നും തപ്സി കൂട്ടിച്ചേർത്തു.

”ബഹിഷ്‌ക്കരണ ആഹ്വാനവും ട്രോളുകളും ദിവസവും നടക്കുകയാണെങ്കിൽ ഇതൊന്നും ആരെയും ബാധിക്കാതെയാകും. അത് വെറുംപണിയാകും. സിനിമാരംഗത്തെ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അറിയില്ല. എന്നാൽ, എനിക്കും അനുരാഗിനും അതൊരു തമാശയായി മാറിയിട്ടുണ്ടെന്നും താപ്‌സി പറഞ്ഞു.

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർ പടം കാണാൻ പോകും. ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകുകയുമില്ല. എന്നാൽ, ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ചു കാണലാണെന്നും താപ്‌സി പന്നു കൂട്ടിച്ചേർത്തു.

പുതിയ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘ദൊബാറ’ ഇന്നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ താപ്‌സിയാണ് പ്രധാന വേഷത്തിലെത്തിയത്. പവൈൽ ഗുലാട്ടിയും രാഹുൽ ഭട്ടും വിവിധ വേഷങ്ങളിലെത്തുന്നു. ചിത്രത്തിനെതിരെയും സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ആഹ്വാനം നടക്കുന്നുണ്ട്.