സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ടി.ജി. രവി. ‘ജാനകി’ എന്ന പേര് സിനിമയിൽ ഉപയോഗിക്കുന്നതിലുള്ള കുഴപ്പം എന്താണെന്ന് ആർക്കും മനസ്സിലായിട്ടില്ലെന്ന് ടി.ജി. രവി പറഞ്ഞു. തൃശ്ശൂർ രാമു കാര്യാട്ട് കോംപ്ലെക്‌സിലെ പുതുക്കിയ കൈരളി, ശ്രീ തീയേറ്ററുകളുടെ ഉദ്ഘാടനപരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടൻ.
വർഷങ്ങൾക്കു മുമ്പ് താൻ അഭിനയിച്ച സിനിമയുടെ പേര് ജാനകി എന്നാണെന്ന് ടി.ജി. രവി പറഞ്ഞു. ഇക്കണക്കിനാണെങ്കിൽ വാഹനങ്ങൾക്ക് നമ്പർ നൽകുന്ന മാതൃക സിനിമകളുടെ പേരിന് വേണ്ടിവരുമെന്നും അദ്ദേഹം വിമർശിച്ചു.
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27 ഇന്ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്താനിരിക്കവെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വച്ചത്. ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം.
അതേസമയം, ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ശനിയാഴ്ച ഹൈക്കോടതി കാണും. രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് സിനിമ കാണുക. സിനിമ കാണണം എന്ന ആവശ്യം കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാർ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു.








