സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവെന്ന് ചിരഞ്ജീവി; സെയ് റാ ഇന്ന് തിയേറ്ററുകളില്‍

ചിരഞ്ജീവി നായകനാകുന്ന സെയ് റാ നരസിംഹ റെഡ്ഡി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവാണ് ചിത്രം എന്നു ചിരഞ്ജീവി പറയുന്നു.

ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് സെയ് റാ നരസിംഹ റെഡ്ഡി ഒരുക്കിയിരിക്കുന്നത്. ചിത്രം വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവാണ് ചിത്രം- ചിരഞ്ജീവി പറയുന്നു.

സുന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചന്‍ എത്തുന്നു. നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.