രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കോടി പിന്നിട്ട് സെയ് റാ; വിജയം ആഘോഷിച്ച് ചിരഞ്ജീവി

ബോക്‌സോഫീസുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് ചിരഞ്ജീവിയുടെ “സെയ് റാ നരസിംഹ റെഡ്ഡി”. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി നേട്ടത്തിലേക്കെത്തിയിരിക്കുയാണ് ചിത്രം. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ഒക്ടോബര്‍ 2ന് തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ചിത്രത്തിന്റെ വിജയാഘോഷം അല്ലു അരവിന്ദിനും അല്ലു അര്‍ജുനോടൊപ്പവും ചിരഞ്ജീവിയും കുടുംബവും പങ്കിട്ടു. അല്ലു അര്‍ജുന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകനും പങ്കെടുത്തു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്.

ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക്ക ഷെട്ടി, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ആര്‍ രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.