'സെയ് റാ നരസിംഹ റെഡ്ഡി'ക്ക് മഹാവിജയം; കളക്ഷന്‍ റെക്കോഡുകള്‍ പങ്കുവെച്ച് രാം ചരണ്‍

ഹോളിവുഡില്‍ നിന്നും “ജോക്കര്‍”, ബോളിവുഡില്‍ നിന്നും “വാര്‍” എന്നിങ്ങനെ ഒരുപാട് മികച്ച സിനിമകളെത്തിയെങ്കിലും ബോക്‌സോഫീസില്‍ മഹാവിജയം സൃഷ്ടിച്ച് മുന്നേറുകയാണ് ചിരഞ്ജീവി ചിത്രം “സെയ് റാ നരസിംഹ റെഡ്ഡി”. ഒക്ടോബര്‍ 2ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

ആഗോളതലത്തില്‍ 124.80 കോടിയാണ് സെയ് റാ നേടിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് മഹാനവമി ദിനത്തില്‍ 11 കോടിയാണ് ചിത്രത്തിന്റെ നേട്ടം. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കളക്ഷന്‍ റെക്കോഡുകളാണ് രാം ചരണ്‍ പങ്കുവച്ചിരിക്കുന്നത്. 13.51 കോടിയാണ് സെഡഡില്‍ നിന്നും മാത്രം ആറ് ദിവസത്തിനുള്ളില്‍ സെയ് റാ നേടിയത്.

250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ, കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാം ചരണാണ് നിര്‍മ്മാണം. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക്ക ഷെട്ടി, കിച്ച സുദീപ് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.