'ബാഹുബലി'ക്ക് പിന്നാലെ കുതിച്ച് 'സെയ് റാ'; തെലുങ്കില്‍ മികച്ച കളക്ഷനുമായി ചിരഞ്ജീവി ചിത്രം

“ബാഹുബലി 2″വിന് പിന്നാലെ തെലുങ്കില്‍ മികച്ച വിജയം നേടി ചിരഞ്ജീവി നായകനായെത്തിയ “സെയ് റാ നരസിംഹ റെഡ്ഡി”. ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ബാഹുബലി 2വിനെ കടത്തി വെട്ടുമായിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

റിലീസ് ചെയ്ത് 4 ദിനം പിന്നിട്ടപ്പോള്‍ തന്നെ 66 ലക്ഷമാണ് ചെന്നൈയില്‍ നിന്ന് മാത്രം സെയ് റാ നേടിയത്. കഴിഞ്ഞ ദിവസം ബോക്സോഫീസ് കളക്ഷന്‍ പങ്കുവച്ച് റാം ചരണും എത്തിയിരുന്നു. ഹൈദരാബാദിലെ നിസാംപെറ്റില്‍ മാത്രം 17.18 കോടിയാണ് നാല് ദിവസത്തിനുള്ളില്‍ നേടിയത്. തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ, കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മാണം. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക്ക ഷെട്ടി, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ആര്‍ രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.