നടിപ്പിൻ നായകൻ സൂര്യയുടെ 50ാം പിറന്നാൾ സോഷ്യൽ മീഡിയയിലും പുറത്തുമായി ആഘോഷിക്കുകയാണ് ആരാധകർ. സൂപ്പർ താരത്തിന്റെ ജന്മദിനത്തിൽ ഫാൻസിനുളള വിഷ്വൽ ട്രീറ്റായി എറ്റവും പുതിയ ചിത്രം കറുപ്പിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസർ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഇതിന് പിന്നാലെ ജന്മദിനത്തിൽ വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകരെ മതിലിന് മുകളിൽ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന നടന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ പിറന്നാൾ ദിവസം ചെയ്യുന്നത് പോലെയാണ് ആരാധകരെ കാണാൻ സൂര്യയും എത്തിയത്. കോളിവുഡിന്റെ ഷാരൂഖ് ഖാൻ എന്നാണ് സൂര്യയെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത്. വീഡിയോയ്ക്ക് പുറമെ ആരാധകർക്കൊപ്പമുളള സൂര്യയുടെ സെൽഫി ചിത്രങ്ങളും വൈറലാവുകയാണ്. തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം തമിഴിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സൂര്യ. നടന്റെ പുതിയ ചിത്രം കറുപ്പ് ഇത്തവണ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ആർജെ ബാലാജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുകയെന്ന റിപ്പോർട്ടുകളുണ്ട്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമ്മാണത്തിൽ ഒരു പക്കാ കൊമേർഷ്യൽ എന്റർടെയ്നറായാണ് കറുപ്പ് അണിയറയിൽ ഒരുങ്ങുന്നത്. ജി.കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സൗത്ത് ഇന്ത്യൻ സെൻസേഷനായ സായ് അഭയങ്കറാണ് സംഗീതമൊരുക്കുന്നത്. കലൈവാനൻ എഡിറ്റിങും, അൻപറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ.
#Suriya addresses his fans who have gathered in front of his house to meet him on his birthday.
— Southwood (@Southwoodoffl) July 23, 2025
Read more









