ആറ് മാസത്തേക്ക് ആളുകളുടെ മുന്നില്‍പ്പെടരുത്..; പ്രഭാസിന് നിര്‍ദേശവുമായി സംവിധായകന്‍

‘സ്പിരിറ്റ്’ സിനിമയിലെ ലുക്ക് രഹസ്യമായി സൂക്ഷിക്കാന്‍ പ്രഭാസിനോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി സംവിധായകന്‍. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ആറ് മാസത്തേക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് അതീവരഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണ് സന്ദീപ് റെഡ്ഡി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റില്‍ എത്തുന്നത് എന്നാണ് വിവരം. ക്ലീന്‍ ഷേവ് ചെയ്ത് മീശ മാത്രം വച്ചു കൊണ്ടുള്ള പൊലീസ് ഗെറ്റപ്പിനൊപ്പം സര്‍പ്രൈസ് ഗെറ്റപ്പും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് സ്പിരിറ്റ് വരുന്നത്. കരിയറിലെ ആദ്യത്തെ പൊലീസ് വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് വിവരം. തൃപ്തി ദിമ്രിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിരഞ്ജീവി ചിത്രത്തില്‍ പ്രഭാസിന്റെ അച്ഛനായി അഭിനയിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും സന്ദീപ് ഇത് തള്ളിക്കളഞ്ഞിരുന്നു.

ചിത്രത്തിനായി പ്രഭാസ് ശരീരഭാരം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഞ്ച് ഇന്ത്യന്‍ ഭാഷകളിലായി ഒരു ഓഡിയോ ടീസര്‍ സ്പിരിറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പ്രഭാസ് പറയുന്ന ഒരു ചെറിയ സംഭാഷണവും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘സര്‍, കുട്ടിക്കാലം മുതല്‍ എനിക്ക് ഒരു മോശം ശീലമുണ്ട്’ എന്നാണ് പ്രഭാസ് ടീസറില്‍ പറയുന്നത്.

Read more

600 കോടിക്കടുത്ത് ബജറ്റിലാണ് സ്പിരിറ്റ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറിയന്‍ സൂപ്പര്‍ താരം ഡോണ്‍ ലീയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് വിവരങ്ങള്‍ എത്തിയെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം, ദീപിക പദുക്കോണിനെ ആയിരുന്നു സിനിമയില്‍ ആദ്യം നായികയായി പരിഗണിച്ചത്. എന്നാല്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റും ലാഭവിഹിതവും ആവശ്യപ്പെട്ടതോടെ നടിയെ സിനിമയില്‍ നിന്നും പുറത്താക്കുകയായിരുന്നു.