ഗായിക സിത്താരയുടെ മകള്‍ അഭിനയരംഗത്തേയ്ക്ക്

പ്രശസ്ത ഗായിയ സിത്താര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേയ്ക്ക്. സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന “സാക്ഷാത്ക്കാരം” എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സാവന്‍ ഋതുവിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അച്ഛന്‍ സജീഷിനൊപ്പം ലൊക്കേഷനില്‍ എത്തിയ സാവന്‍ ഋതു ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനിപ്പോള്‍ എന്നും സായുവിനൊപ്പം തങ്ങളും സന്തോഷിക്കുന്നു എന്നും സിത്താര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. “സാവന്‍ ഋതു…മികച്ച അഭിനേത്രി. കഴിവുള്ള, അര്‍പ്പണബോധമുള്ള കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അവളുടെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. എനിക്കുറപ്പാണ് അവളുടെ മാതാപിതാക്കള്‍ അവളെക്കുറിച്ചോര്‍ത്ത് ഒരു നാള്‍ അഭിമാനിക്കും”. ചിത്രത്തിന്റെ സംവിധായകന്‍ സുദേഷ് ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐ.ഐ.ടി ബോംബെയിലെ പ്രൊഫസറാണ് അദ്ദേഹം.

സിത്താരയെ പോലെ തന്നെ മകളും ഒരു നല്ല ഗായികയാണ്. അടുത്തിടെ സിത്താരയും സായുവും ചേര്‍ന്ന് “ഉയരെ” എന്ന ചിത്രത്തിലെ “നീ മുകിലോ” എന്ന ഗാനം ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.