ആയിരം അടി ഉയരം; ചിമ്പുവിന്റെ ഫ്ളെക്സ് നീക്കം ചെയ്ത് പൊലീസ്

നടന്‍ സിലംബരസന്റെ ആയിരം അടി ഉയരം വരുന്ന ബാനര്‍ നീക്കം ചെയ്ത് പൊലീസ്. നടന്റെ റിലീസിന് തയ്യാറെടുക്കുന്ന ‘മഹാ’ എന്ന ചിത്രത്തിന്റെ ഭാഗമായി ആരാധകര്‍ സ്ഥാപിച്ച ഫ്‌ളക്‌സായിരുന്നു ഇത്. അധികൃതരുടെ അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്ന് കാണിച്ച് പൊലീസ് എത്തി ബാനര്‍ നീക്കം ചെയ്യുകയായിരുന്നു.

തമിഴ് സിനിമാരംഗത്തെ ഒരു നടനും ഇത്ര വലിയ ഒരു ബാനര്‍ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ല.ഹന്‍സിക മോട്വാനി കേന്ദ്ര കഥാപാത്രമാകുന്ന മഹായില്‍ അതിഥി വേഷമാണ് സിലംബരശന്. എന്നാല്‍ ഹിറ്റ് ചിത്രം ‘മാനാടിന്’ ശേഷം താരത്തിന്റെ റിലീസ് ചെയ്യുന്ന ചിത്രം എന്ന ആവേശത്തിലാണ് ആരാധകര്‍.

ആ സ്‌നേഹം പങ്കുവയ്ക്കാന്‍ സ്ഥാപിച്ചതായിരുന്നു ഇത്രയും ഉയരമുള്ള ബാനര്‍. യു ആര്‍ ജമീല്‍ സംവിധാനം ചെയ്ത ‘മഹാ’ ഹന്‍സികയുടെ 50-ാം ചിത്രമാണ്. ഹന്‍സികയെ കൂടാതെ ശ്രീകാന്ത്, കരുണാകരന്‍, തമ്പി രാമയ്യ, ബേബി മനസ്വി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ശക്തമായ കഥാപാത്രമായാണ് ഹന്‍സിക മോട്വാനി എത്തുന്നത്.