മൂക്കോടന്‍ ഈനാശുവായി ലാല്‍; ‘സൈലന്‍സര്‍’ തിയേറ്ററുകളിലെത്താന്‍ ഇനി ഒന്‍പത് ദിവസം

ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയാനന്ദന്‍ ഒരുക്കുന്ന ‘സൈലന്‍സര്‍’ തിയേറ്ററുകളിലെത്താന്‍ ഇനി ഒന്‍പത് ദിവസം കൂടി. ജനുവരി 24ന് ചിത്രം റിലീസ് ചെയ്യും. മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായാണ് ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മീര വാസുദേവ്, ഇര്‍ഷാദ്, സ്‌നേഹ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തൃശ്ശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌ക്കാരവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പ്രിയനന്ദനന്റെ ‘പാതിരാക്കാല’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സറിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഐഎഫ്എഫ്കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സൈലന്‍സര്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മിക്കുച്ചിരിന്നത്.