'കാന്താര-2' കാണാൻ വരുന്നവർ മദ്യപിക്കാനും മാംസം കഴിക്കാനും പുകവലിക്കാനും പാടില്ലേ?; പ്രതികരിച്ച് ഋഷഭ് ഷെട്ടി

‘കാന്താര’ ചാപ്റ്റർ വൺ’ കാണാൻ എത്തുന്നവർ മദ്യപിക്കരുതെന്നും പുകവലിക്കരുതെന്നും മാംസാഹാരം കഴിക്കരുതെന്നുമുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായിരുന്നു. എന്നാൽ ഈ പോസ്റ്റർ വ്യാജമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി.

പ്രചരിക്കുന്ന പോസ്റ്റർ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഉടനെ നിർമാതാക്കളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ തിരക്കി. ആ പോസ്റ്ററിന് ‘കാന്താര’ ടീമുമായി യാതൊരു ബന്ധവുമില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാന്താരയുടെ രണ്ടാംഭാഗമായ ‘കാന്താര: ചാപ്റ്റർ വൺ’ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘ഒക്ടോബർ രണ്ടിന് കാന്താര ചാപ്റ്റർ വൺ’ കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങൾ പാലിക്കാൻ പ്രേക്ഷകർ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് ‘കാന്താര’ സങ്കൽപ്പം. എന്താണ് ഈ ദിവ്യവ്രതങ്ങൾ?. ഒന്ന്, മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന്, മാംസാഹാരം കഴിക്കാതിരിക്കുക. തീയേറ്ററുകളിൽ ‘കാന്താര: ചാപ്റ്റർ വൺ’ കാണുന്നതുവരെ ഈ മൂന്നുവ്രതങ്ങളും പാലിക്കേണ്ടതാണ്. ഗൂഗിൾ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കുക’, എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

അതേസമയം, വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ വിസ്മയം തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Read more