'കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്'; കീമോയ്ക്ക് ശേഷമുള്ള വീഡിയോയുമായി ശിവാനി

കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശിവാനി ഭായ്. കീമോ തെറാപ്പി കഴിഞ്ഞ ശേഷമുള്ള ഒരു വീഡിയോയാണ് ശിവാനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. “”കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്”” എന്നാണ് വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ കാന്‍സര്‍ ബാധിച്ച വിവരം പങ്കുവച്ചത്. കോവിഡ് മുക്തയായതിന് പിന്നാലെയാണ് കാന്‍സര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. മുടി മുഴുവനായി പോകുന്നതിന് മുമ്പ് ഫോട്ടോ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി. അണ്ണന്‍ തമ്പി, രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.