എന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും വലിയ പെരുന്നാള്‍: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗമിന്റേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഡാന്‍സറിന്റെ വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും അതിലെ ഗാനങ്ങളും ഇതിനോടകം തന്നെ സോശ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് ഷെയ്ന്‍ പറയുന്നത്.

“ജീവിതത്തിലെ വലിയൊരു യൂണിവേഴ്‌സിറ്റിയായിരുന്നു വലിയ പെരുന്നാള്‍. എന്റെ ജീവിതത്തിന്റെ ഒരു മൈല്‍സ്‌റ്റോണായി ഞാന്‍ കാണുന്ന ചിത്രമാണിത്. എന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും വലിയ പെരുന്നാള്‍. ഞാന്‍ കണ്ട അനുഭവിച്ച് ആ ഇമോഷണല്‍ തലം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. വലിയപെരുന്നാള്‍ വലിയ വിജയം ആവണം എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ഇതിനായി ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട്. അത് ആ പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.” ഏഷ്യാവില്ലയുമായുള്ള അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം പറഞ്ഞു.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. ഷെയ്‌നിനൊപ്പം വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.