ഷെയിനിന്റെ വിവാദ ചിത്രം, ഉല്ലാസത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഷെയിന്‍ നിഗത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉല്ലാസ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്തമായ പ്രണയ കഥ കൂടിയാണ് ഉല്ലാസം.

തുടക്കത്തിലെ വിവാദങ്ങളില്‍ കുടുങ്ങിപ്പോയ ചിത്രമായിരുന്നു ഉല്ലാസം. 25 ലക്ഷം രൂപയ്ക്കായിരുന്നു ചിത്രത്തിന് ഷെയിന്‍ കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ ഡബ്ബിംഗ് സമയത്ത് താരം 20 ലക്ഷം രൂപ അധികം ചോദിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ചര്‍ച്ചകളുടെ ഫലമായാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

ഉല്ലാസം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിച്ചത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണനാണ് എഴുതിയിരിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനര്‍: ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത്ത് കരുണാകരന്‍. എഡിറ്റര്‍: ജോണ്‍കുട്ടി, കല: നിമേഷ് താനൂര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനല്‍ വിദേവന്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്