'മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം നൽകുന്നത് നിങ്ങൾ നൽകുന്ന സ്നേഹം'; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം നൽകുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. ഇന്ന് റീലിസിനെത്തിയ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു’വെന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവാണ് കടുവ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ലാഗില്ലാതെ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന കഥയിൽ ആക്ഷന് പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ആവേശം പകരുന്ന രീതിയിലാണ് നിർമ്മാണം.  അതേസമയം കടുവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

കടുവ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. ‘ജന ഗണ മന’ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുൻപ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാൻ തീരുമാനമായത്.’ ലിസ്റ്റിൻ അഭിപ്രായപ്പെട്ടു.