‘സാഹോ’യ്ക്ക് മുന്നേ ആരാധകരെ ആവേശത്തിലാക്കാന്‍ ‘സാഹോ ദ ഗെയിം’

പ്രഭാസിന്റെ ‘സാഹോ’യ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു സാഹോ സമ്മാനിച്ച് താരം. ‘സാഹോ ദ ഗെയി’മിന്റെ ട്രെയിലറാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡയയില്‍ വൈറലാവുകയാണ് ഈ ട്രെയിലര്‍. ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ ശത്രുക്കളെ കണ്ടെത്തി കൊല്ലുന്നതായാണ് ഗെയിം.

മുന്നോട്ട് പോകുന്ന വഴിയില്‍ തടസമായി എത്തുന്നവരെയൊക്കെ കൊന്ന് മുന്നേറിയാണ് ഗെയിം മുന്നോട്ട് പോവുന്നത്. “ഡാര്‍ലിംഗ്‌സ്, സാഹോ ദ ഗെയിം ട്രെയ്‌ലര്‍ അവതരിപ്പിക്കുന്നു, ജെറ്റ് പാക്ക് ധരിച്ച് ഗെയിം കളിക്കാന്‍ നിങ്ങള്‍ റെഡിയാണോ?, കാത്തിരിക്കൂ” എന്നാണ് ഗെയിമിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് താരം കുറിച്ചിരിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും.