ഞങ്ങൾ ശത്രുക്കളല്ല, ഞാൻ അവന്റെ ആരാധകൻ; രാഷ്ട്രീയപാർട്ടി വിവാദത്തിൽ വീണ്ടും വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ

പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെ എതിർത്ത് നടൻ വിജയ്  പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ  പിതാവ് എസ്.എ ചന്ദ്രശേഖര്‍ വിശദീകരണവുമായി എത്തിയിരുന്നു. വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണ്. അവനെ അവരുടെ പ്രശസ്തിക്കും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുകയാണ് എന്നാണ് ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നത്.

പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വിജയ് പ്രസ്താവന പുറത്തിറക്കിയിരുന്നു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതോടെ വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന് താരത്തിന്റെ അമ്മ ശോഭ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ താനും മകനും ശത്രുക്കളല്ലെന്നും എന്നാൽ വിജയ് എന്ന നടന്റെ ആരാധകനാണെന്നും അദ്ദേഹം  പറഞ്ഞിരിക്കുകയാണ്. താൻ വിജയ്‌യുടെ അഭിപ്രായം ചോദിച്ചിട്ടല്ല ഫാൻസ് അസോസിയേഷൻ തുടങ്ങിത്, അതു പോലെ തന്നയാണ് രാഷട്രീയപാർട്ടി തുടങ്ങിയതെന്നും ഒരു തമിഴ് മാധ്യമവുമായുളള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.