'അ ഈ ഊ എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നോ?'; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുമായി മാത്തുക്കുട്ടി

നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കുഞ്ഞെല്‍ദോ”. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രസകരമായ കുറിപ്പോടെ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് മാത്തുക്കുട്ടി.

“”പണ്ട് തിയേറ്ററില്‍ ഇരുന്ന് “”അ ഈ ഊ എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നെന്ന് ഇപ്പഴാ മനസിലായത്”” എന്നാണ് മാത്തുക്കുട്ടിയുടെ കുറിപ്പ്. പാര്‍വതി തിരുവോത്തിന്റെ “വര്‍ത്തമാനം” ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മാത്തുക്കുട്ടിയുടെ പോസ്റ്റ്.

View this post on Instagram

A post shared by Mathukkutty (@rjmathukkutty)

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം രാജ്യവിരുദ്ധ പ്രമേയമാണ് എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി. സന്ദീപ് കുമാറിന്റെ ട്വീറ്റ്. ജെഎന്‍യു സമരത്തിലെ ദളിത് മുസ്ലിം പീഡനമായിരുന്നു സിനിമയുടെ വിഷയമെന്ന് വി. സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന സിനിമയല്ലെന്നാണ് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്.

ആസിഫ് അലിയാണ് കുഞ്ഞെല്‍ദോയില്‍ നായകനായെത്തുന്നത്. പുതുമുഖം ഗോപിക ഉദയനാണ് നായിക. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകരുന്നു.