ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്റെ അഭിമാനം; ജി.അരവിന്ദൻ ഇല്ലാത്ത 33 വർഷം

ശ്യാം പ്രസാദ് 

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ജി. അരവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷങ്ങൾ. 23 വർഷത്തെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തത് 10 സിനിമകൾ. കൂടാതെ നിരവധി ഡോക്യുമെന്ററികൾ.  എഴുതി തയ്യാറാക്കിയ തിരക്കഥയോ മറ്റോ ഇല്ലാതെ സിനിമ നിർമ്മിക്കുകയും, സിനിമ എന്ന മാധ്യമത്തെ നിരന്തരം നവീകരിക്കുകയും ചെയ്തു എന്നത് തന്നെയാണ് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ജി. അരവിന്ദന്റെ പ്രാധാന്യം.

Remembering Govindan Aravindan: The Iconoclast Filmmaker | Sahapedia

തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ തന്റെ പ്രതിഭ തെളിയിച്ച അരവിന്ദൻ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

1974- ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ ആണ് ആദ്യ ഫീച്ചർ ഫിലിം. നാടകകൃത്ത് തിക്കോടിയനും, സാഹിത്യകാരൻ പട്ടത്തുവിള കരുണാകരനുമായിരുന്നും ഉത്തരായനം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം രാമായണത്തെ ആസ്പദമാക്കി ‘കാഞ്ചന സീത’ എന്ന ചിത്രവും പുറത്തിറങ്ങി.

Remembering Govindan Aravindan: The Iconoclast Filmmaker | Sahapedia

ജി. അരവിന്ദൻ, ഷാജി എൻ കരുൺ

1978-ൽ തമ്പ്, 79-ൽ കുമ്മാട്ടി, 80-ൽ എസ്തപ്പാൻ, 81-ൽ പോക്കുവെയിൽ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. ഈ കാലഘട്ടം അരവിന്ദന്റെയും മലയാള സിനിമയുടെയും മികച്ച കാലഘട്ടമായി ഇന്നും വിലയിരുത്തപ്പെടുന്നു.

Film Heritage Foundation's restoration of Aravindan's “Thamp̄” (1978) premiered at the Cannes Film Festival 2022! - Film Heritage Foundation

തമ്പ്

ജി.അരവിന്ദനെന്ന മാസ്റ്റർക്ലാസ്സ്‌ സംവിധായകന്റെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു സൃഷ്ടികളിലൊന്നാണ് കുമ്മാട്ടി. റിലീസ് ചെയ്ത്  45 വർഷങ്ങൾക്കിപ്പുറവും സിനിമ ഇന്നും ചർച്ചചെയ്യപ്പെടുന്നു.

ഒരു ഗ്രാമവും അവിടുത്തെ മനുഷ്യരും മിത്തുകളും പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമാണ് കുമ്മാട്ടി. തിരിച്ചറിവുകളാണ് ഓരോ മനുഷ്യനെയും തിരുത്തുന്നതും പുതിയൊരു സാമൂഹികജീവിയായി പുനഃസൃഷ്ടിക്കുന്നതും.
ഗ്രാമത്തിലെ വിശ്വാസങ്ങളിലും മിത്തുകളിലും മുത്തശ്ശിക്കഥകളിലും കുമ്മാട്ടിയെ പറ്റി കേട്ടു വളർന്ന കുട്ടികൾക്ക് കുമ്മാട്ടിയെന്നാൽ “മാനത്തെ മച്ചോളാം തലയെടുത്ത്, പാതാളക്കുഴിയോളം പാദം നട്ട്, മാലചേലക്കൂറ ചുറ്റിയ” പേടിപ്പെടുത്തുന്ന ആകാംക്ഷയുണർത്തുന്ന രൂപമാണ്.

Martin Scorsese's glowing praise for G. Aravindan's Kummatty sends film buffs into a tizzy - The Hindu

കുമാട്ടി

പാട്ട് പാടി അതിനൊത്ത് നൃത്തംവെക്കുന്ന കുമ്മാട്ടിയെ ചിണ്ടനും കൂട്ടുകാരും ദൂരെനിന്ന് കണ്ടുപോരുന്നു. രാത്രി ആലിൻചുവട്ടിൽ കിടന്നുറങ്ങുന്ന കുട്ടികൾക്ക് പാട്ടുപാടി കൊടുക്കുന്ന, പഴങ്ങളും മറ്റും നൽകുന്ന കുമ്മാട്ടി. അങ്ങനെയങ്ങനെ കുട്ടികൾക്ക് പ്രിയപ്പെട്ടവനായി മാറുന്നു. രാത്രി പനി പിടിച്ച് കിടക്കുമ്പോൾ വൈദ്യനെ വിളിച്ചുകൊണ്ടുവരുന്ന ചിണ്ടനോട്‌ കുമ്മാട്ടിക്ക് ഇഷ്ടക്കൂടുതലുണ്ട്.

പാട്ടിനൊപ്പം കുമ്മാട്ടി നൃത്തം വെച്ച് കുട്ടികളോടൊപ്പം ആർത്തുല്ലസിക്കുന്നതോടുകൂടി സിനിമയുടെ അതുവരെയുണ്ടായിരുന്ന ഗതിയിൽ തന്നെ മാറ്റം സംഭവിക്കുന്നു. പിന്നീട് മാജിക്കൽ റിയലിസത്തിന്റെ എലെമെന്റുകൾ കൊണ്ട് വിസ്മയിപ്പിക്കാനും ചിന്തിപ്പിക്കാനും സിനിമ മറക്കുന്നില്ല. തിരിച്ചറിവുകൾ കിട്ടുന്ന ചിണ്ടൻ വീട്ടിലെ തത്തയോട് പ്രായശ്ചിത്തം ചെയ്യുന്നുണ്ട്. ആകാശത്തിലെ പറവകൾക്കൊപ്പം പാറി പറന്ന് സ്വാതന്ത്ര്യത്തിന്റെ എല്ലാ അർത്ഥതലങ്ങളും അവസാന ഫ്രെയിമിലൂടെ ചിത്രം നമ്മുക്ക് കാണിച്ച് തരുന്നു.

കുമ്മാട്ടി വെറുമൊരു സിനിമ മാത്രമല്ല. ഒരുപാട് ചിന്തകളുണർത്തുന്ന മനുഷ്യന്റെ വൈകാരികതലങ്ങളെ ഉദ്ധീപിപ്പിക്കുന്ന തിരിച്ചറിവുകളുണ്ടാക്കുന്ന ക്ലാസ്സിക്‌ സൃഷ്ടികൂടിയാണ്.

“കറുകറെ കാർമുകിൽ” എന്ന പാട്ട് പാടി മനുഷ്യർക്ക് തിരിച്ചറിവുകളുണ്ടാവാൻ കാടും നാടും കടന്ന് നൃത്തം വെച്ച് സ്വാതന്ത്ര്യത്തെ വരച്ചുക്കാട്ടാൻ വീണ്ടുമൊരു കുമ്മാട്ടി നമ്മുക്കിടയിലേക്ക് വരുമെന്ന് തോന്നിപ്പിച്ചു കൊണ്ടാണ് സിനിമയവസാനിക്കുന്നത്.

G Aravindan's classic Kummatty is back in view with a spanking new restoration

ആഖ്യാനപരമായും ദൃശ്യപരമായും മികച്ചുനിൽക്കുന്ന അരവിന്ദന്റെ സിനിമകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. വിഖ്യാത ഫിലിം മേക്കർ മാർട്ടിൻ സ്കോർസെസെ തന്റെ ഫിലിം ഫൌണ്ടേഷനിലൂടെ അരവിന്ദന്റെ തമ്പ്, കുമ്മാട്ടി എന്നീ സിനിമകൾ റീമാസ്റ്റേർഡ് ചെയ്ത് റീ റിലീസ് ചെയ്തിരുന്നു എന്നതും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

1985-ലാണ് സ്മിത പാട്ടീലിനെയും ഭരത് ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 1991-ലായിരുന്നു ബംഗാളിലെ ആഭ്യന്തര കുടിയേറ്റത്തെ പ്രമേയമാക്കി  അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര പുറത്തിറങ്ങിയത്.

In photos: The enduring magic of G Aravindan's cinema

ചിദംബരം/ സ്മിത പാട്ടീൽ

18 തവണ വിവിധ മേഖലകളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 6 തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയ അരവിന്ദൻ ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന് ഇന്നും അഭിമാനപൂർവം എടുത്തുകാണിക്കാവുന്ന ഫിലിം മേക്കർ കൂടിയാണ്.

Read more