ഗ്ലാമറിന്റെ അതിപ്രസരം മാത്രമല്ല, ചോരയും കലിപ്പും നിറച്ച് 'സാരി' ട്രെയ്‌ലര്‍; റിലീസിനൊരുങ്ങി ആര്‍ജിവി ചിത്രം

രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സാരിയുടുത്ത യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 28ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ എത്തുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ആരാധ്യ, ശ്രീലക്ഷ്മി എന്ന തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക എന്ന് ആര്‍ജിവി അറിയിക്കുകയായിരുന്നു. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്.

ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അതേസമയം, സാരി സിനിമയുടെ ടീസറും ചിത്രങ്ങളുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു.