രജനി-നെല്‍സണ്‍ ചിത്രം ജയിലറിന്റെ ചിത്രീകരണ തിയതി പുറത്തു വിട്ടു

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയിലറിന്റെ ഷൂട്ടിങ് ഓഗസ്റ്റ് പത്തിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നടി രമ്യ കൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് പത്തിന് ജയിലറിന്റെ ഷൂട്ടിങ്ങ് തുടങ്ങും താന്‍ അതില്‍ ഒരുപാട് ആകാംക്ഷയിലാണെന്നും രമ്യ കൃഷ്ണന്‍ പിങ്ക് വില്ലയോട് പറഞ്ഞിരുന്നു. വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത്, രമ്യ കൃഷ്ണൻ, കന്നഡ നടന്‍ ശിവരാജ്കുമാർ തുടങ്ങി വൻ താരനിരായാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് സൂചന.

മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.’ജയിലര്‍’ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. രജനീകാന്തിന്‍റെ കഴിഞ്ഞ ചിത്രം അണ്ണാത്തെയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചതും രാമോജിയില്‍ ആയിരുന്നു.