മാസ്‌ക്ക് മുഖ്യം ബിഗിലേ, ലംബോര്‍ഗിനി ഓടിച്ച് സൂപ്പര്‍ താരം; ചിത്രങ്ങള്‍ വൈറല്‍

കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ലംബോര്‍ഗിനിയുമായി കറങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണക്കാരനെ പോലെ കാറുമായി നിരത്തിലിറങ്ങിയ രജനിയുടെ ചിത്രങ്ങള്‍ താരത്തിന്റെ ഫാന്‍സ് പേജിലാണ് എത്തിയിരിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന “അണ്ണാത്തെ” ആണ് രജനീകാന്തിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

പ്രകാശ് രാജ്, സതിഷ്, സൂരി, ജോര്‍ജ് മാര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡി ഇമ്മന്‍ ആണ് സംഗീതമൊരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ദീപാവലി അല്ലെങ്കില്‍ പൊങ്കല്‍ റിലീസായി എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷമാകും ചിത്രം റിലീസിനെത്തുക. “ദര്‍ബാര്‍” ആണ് രജനിയുടെതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ദര്‍ബാറിലും നയന്‍താര ആയിരുന്നു രജനിയുടെ നായികയായി എത്തിയത്.