രജനി പടം ഒന്നാമത്, മോഹൻലാൽ ചിത്രവും ലിസ്റ്റിൽ, പ്രേക്ഷകർ എറ്റവുമധികം കാത്തിരിക്കുന്ന സിനിമകൾ ഇവയാണ്

പ്രേക്ഷകർ എറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമതായി രജനികാന്ത് ചിത്രം കൂലി. ഐഎംഡിബിയുടെ ജൂലൈ മുതൽ ഡിസംബർ വരെയുളള ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ്, തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ ബി​ഗ് ബജറ്റ് ചിത്രങ്ങൾ മുന്നിലുളള ലിസ്റ്റിൽ മോഹൻലാൽ ചിത്രം ഹൃദയപൂർവ്വവും ഇടംപിടിച്ചു. ഹൃത്വിക്ക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന വാർ 2 ആണ് ലിസ്റ്റിൽ കൂലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുളളത്. ഓ​ഗസ്റ്റ് 14നാണ് കൂലി ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുക.

വലിയ താരനിരയും ലോകേഷിന്റെ സംവിധാനവും അനിരുദ്ധിന്റെ മ്യൂസിക്കുമൊക്കെയുളളത് കൊണ്ടാണ് കൂലി കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അയാൻ മുഖർജിയാണ് ഹൃത്വിക്കും എൻടിആറും ഒന്നിക്കുന്ന വാർ 2 സംവിധാനം ചെയ്യുന്നത്. സ്പൈ ആക്ഷൻ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ തരം​ഗമായിരുന്നു. ഐഎംഡിബി ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് പ്രഭാസ് ചിത്രം രാജാസാഹിബ് ആണ്. ഹൊറർ കോമഡി ചിത്രം ഡിസംബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്.

മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണുളളത്. ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററുകളിലേക്ക് എത്തുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ‌, മാളവിക മോഹനൻ, സം​ഗീത് പ്രതാപ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. ‘ആങ്കോൻ കി ഗുസ്താഖിയാൻ’ എന്ന ബോളിവുഡ് ചിത്രമാണ് ഈ ലിസ്റ്റിൽ‌ നാലാം സ്ഥാനത്തുളളത്.

ഷനായ കപൂർ, വിക്രാന്ത് മാസി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ജൂലൈയിലാണ് ചിത്രം പുറത്തിറങ്ങുക. മോഹിത് സൂരി സംവിധാനം ‘സയാര’ ആണ് അഞ്ചാം സ്ഥാനത്ത്. ഭാഗി 4, സൺ ഓഫ് സർദാർ 2, മഹാവതാർ നരസിംഹ, ആൽഫ എന്നിവയാണ് ഐഎംഡിബി ലിസ്റ്റിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റു സിനിമകൾ.