'കാല'യുടെ ഡബ്ബിംഗ് ആരംഭിച്ച് രജനികാന്ത്, ചിത്രം ഓഗസ്റ്റില്‍ തീയേറ്ററുകളിലേയ്ക്ക്

പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കാലയുടെ ഡബ്ബിംഗ് തിരക്കുകളിലാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. “എല്ലാ നടിനടന്മാരും ഡബ്ബിംഗ് പൂര്‍ത്തിയാക്കികഴിഞ്ഞു. രജനികാന്തും തന്റെ ഡബ്ബിംഗ് ആരംഭിച്ചു കഴിഞ്ഞു. അടുത്തയാഴ്ച്ചയോടെ ഡബ്ബിംഗ് പൂര്‍ത്തിയാകുമെന്ന് കരുതുന്നു”. ചിത്രത്തോടടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രജനി ഗാങ്‌സറ്ററായി വേഷമിടുന്ന ചിത്രം ഹാജി മസ്താനെപ്പറ്റിയുള്ളതാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേതുടര്‍ന്ന് ഹാജി മസ്താന്റെ വളര്‍ത്തുമകന്‍ ചിത്രത്തിനെതിരായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍  തികച്ചും സാങ്കല്‍പികമായ കഥയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. ചിത്രത്തിന്റെ ഫൈനല്‍ കട്ട് ഫെബ്രുവരിയില്‍ തയ്യാറാകും. ചിത്രം ആഗസ്റ്റില്‍ തീയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.