പ്രണവ് - സായ് കോംബോ വരുമോ ? 'റാം കെയർ ഓഫ് ആനന്ദി’ സിനിമ വരുന്നു; പ്രതികരിച്ച് അഖിൽ പി. ധർമ്മജൻ

കേരളം നേരിട്ട് കണ്ട മഹാപ്രളയം തീയറ്ററുകളിൽ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ജൂഡ് ആന്തണി പുനരാവിഷ്കരിച്ചപ്പോൾ അത് വിജയിച്ചു. ഈ വിജയത്തിൽ എടുത്തു പറയേണ്ട ഒരു പേര് കൂടിയുണ്ട്. 2018ന്‍റെ സഹകഥാകൃത്തും യുവ നോവലിസ്റ്റുമായ അഖില്‍ പി. ധർമ്മജൻ.

തന്റെ സ്വപ്നപദ്ധതിയെപ്പറ്റി ഈയിടെ അഖിൽ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിൽ അടുത്ത കാലത്ത് ഏറ്റവും ജനപ്രിയ നോവലായി മാറിയ ഒന്നാണ് അഖിൽ എഴുതിയ ‘റാം കെയര്‍ ഓഫ് ആനന്ദി’. ഇത് സിനിമയാക്കുക എന്നതാണ് അഖിലിന്റെ സ്വപ്ന പദ്ധതി. നോവൽ യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസി ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.

പ്രണവ് മോഹൻലാലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖിൽ പി ധർമ്മജൻ പ്രതികരിച്ചു. പ്രധാന റോളില്‍ പ്രണവും സായ് പല്ലവിയും അഭിനയിക്കണമെന്നാണ് ആഗ്രഹം, അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്’ എന്ന് അഖില്‍ പറഞ്ഞു.

സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ആലപ്പുഴയിലെ തീരദേശഗ്രാമത്തിൽ നിന്നും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ നടക്കുന്ന ചില വിചിത്ര സംഭവങ്ങളുടെ പരമ്പരയാണ് റാം കെയർ ഓഫ് ആനന്ദി. പ്രണയം, പ്രതികാരം, സൗഹൃദം, യാത്ര എന്നിവയെല്ലാം നിറയുന്ന നോവൽ സിനിമയാവുകയാണ് എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.