സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; പ്രഭാസിന് സ്‌പെയ്‌നില്‍ ശസ്ത്രക്രിയ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പ്രഭാസ് ശസ്ത്രക്രിയക്കായി സ്‌പെയിനിലേക്ക്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സലാര്‍. താനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ചിത്രീകരണത്തിനിടയിലാണ് പ്രഭാസിന് പരിക്കേറ്റത്. എന്നാല്‍ ഇത് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരം ശസ്ത്രക്രിയക്ക് ഒരുങ്ങുന്നത്.

ചെറിയ ശസ്ത്രക്രിയക്കായാണ് താരം പോയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെജിഎഫ് ചാപ്റ്റര്‍ 2-വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. നടന്‍ പൃഥ്വിരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രുതി ഹാസന്‍ ആണ് സിനിമയിലെ നായിക. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അതേസമയം, രാധേശ്യാം ആണ് അടുത്തിടെ പ്രഭാസിന്റെതായി തിയേറ്ററുകളിലെത്തിയ ചിത്രം.

മാര്‍ച്ച് 11ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ശക്തമായ തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന് വിനയായത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. റൊമാന്റിക് ചിത്രമായി എത്തിയ രാധേശ്യാം ഏകദേശം 350 കോടി ബജറ്റില്‍ നിര്‍മ്മിച്ചത്.