ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പ്രഭാസ്; പോസ്റ്റുകള്‍ ഇടുന്നതിനു മുമ്പേ തന്നെ ആറുലക്ഷത്തിനു മേല്‍ ഫോളോവേഴ്‌സ്

ബാഹുബലി താരം പ്രഭാസ് ഇനി ഇന്‍സ്റ്റഗ്രാമിലും സജീവമാകും. ഇതിന്റെ ഭാഗമായി താരം ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചു. പേജ് ആരംഭിച്ച് പോസ്റ്റുകള്‍ ഇടുന്നതിന് മുമ്പ് തന്നെ പേജിന് 6,72,000 ഫോളോവേഴ്‌സ് ആയിട്ടുണ്ട് . ഇപ്പോള്‍ സാഹോയുടെ ഷൂട്ടിംഗ് തിരക്കിലുള്ള പ്രഭാസ് താമസിയാതെ തന്നെ പേജില്‍ പോസ്റ്റ് ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പൊതുവേ വളരെ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ പുതിയ ചിത്രം.ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ് ഇദ്ദേഹം.

സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസും, യു.വി. ക്രിയേഷന്‍സും ഒരുമിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, നീല്‍ നൈറ്റിന് മുകേഷ്, ചങ്കി പാണ്ഡെ, അരുണ്‍ വിജയ് മുരളി ശര്‍മ്മ എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ശങ്കര്‍എഹ്‌സാന്‍ലോയ് ത്രയങ്ങള്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. ഓഗസ്റ്റ് 15നു ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

പ്രഭാസിന്‍റെ അക്കൌണ്ട് കാണാന്‍…