ഹൃദയം തൊടുന്ന കഥയുമായി 'പെട്ടിക്കട മാധവന്‍'; ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

“പെട്ടിക്കട മാധവന്‍” എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വഴിയോരത്ത് പെട്ടിക്കട നടത്തുന്ന മാധവന്‍ എന്നയാളുടെ ജീവിതം പ്രമേയമായ ഷോര്‍ട്ട് ഫിലിം ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ട് അവസ്ഥകളെ കുറിച്ചാണ് പറയുന്നത്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിം. കെ.ടി.എസ് പടന്നയില്‍ ആണ് പെട്ടിക്കട മാധവന്‍ എന്ന കഥാപാത്രമായി എത്തുന്നത്.

റീസ് തോമസ് എഴുതി സംവിധാനം ചെയ്ത പെട്ടിക്കട മാധവന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വാവച്ചന്‍, ദീപക് അഗസ്റ്റിന്‍ തുടങ്ങിയവരും ബാലതാരങ്ങളായ അമര്‍, യോവല്‍, ധരണ്‍ എന്നിവരുമാണ് മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്. അഭിലാഷ് എസ്. വാര്യര്‍, ഷിനാജ് അലി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അശ്രിത് സന്തോഷ് ഛായാഗ്രഹണവും ആശിഷ് ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

സംവിധായകന്റെ കുറിപ്പ്:

പെട്ടിക്കട മാധവന്‍

നമ്മുടെയെല്ലാവരുടെയും നാടുകളില്‍ ചെറുപ്പത്തില്‍ നാരങ്ങാമിഠായിയും, പുളിയച്ചാറുമൊക്കെയായി വഴിയോരത്തെ പെട്ടിക്കടകളില്‍ നമ്മളെ കാത്തിരുന്ന ഒരുപാട് മാധവന്‍ ചേട്ടന്‍മാരുണ്ടായിരുന്നു.. എന്റെ നാട്ടിലുമുണ്ടായിരുന്നു അങ്ങനൊരാള്‍.. അദ്ദേഹത്തെ ആ പെട്ടിക്കടക്കുള്ളില്‍ വച്ചല്ലാതെ മറ്റൊരിടത്തുവെച്ചും ഞാന്‍ കണ്ടിട്ടില്ല, ആ കടയായിരുന്നു അദ്ദേഹത്തിന്റെ ലോകം.. അവിടെ വരുന്നവരോടെല്ലാം ഓരോ കഥകളും പറഞ്ഞ് പുള്ളിയങ്ങനെയിരിക്കും.. തിയേറ്ററില്‍ സിനിമ കാണും പോലെ അങ്ങേര് പറയുന്ന ഓരോ കഥകളും കേട്ടുനില്‍ക്കാന്‍ കടക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടാകും.. പക്ഷേ പതിയെ പതിയെ അത് കുറഞ്ഞുവന്നു, മാധവന്‍ ചേട്ടനെ കേള്‍ക്കാനൊന്നും ആരുമില്ലാതായി, പൊതുവേ പെട്ടിക്കടകള്‍ക്ക് ചുറ്റിലുമൊക്കെ ആളുകളെ തീരെ കാണാതായി..

അങ്ങനെ കാലത്തിന്റെ മാറ്റങ്ങളും, അതിനെ ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ട് അവസ്ഥകളുമായി ചേര്‍ത്തുനിര്‍ത്തി പറയുവാനുമാണ് നമ്മള്‍ ശ്രമിച്ചത്.. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഒരു സമയമുണ്ടെന്നും അത് കഴിഞ്ഞ് വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരിലും അനുഭവപ്പെടുന്നൊരു ഏകാന്തത, അങ്ങനെയുള്ള ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍… ഇതൊക്കെയാണ് പ്രകൃതിയെയും കൂടി സമന്വയിപ്പിച്ച് നമ്മള്‍ പറയുന്നത്..

എന്റെയോര്‍മ്മകളില്‍, ചെറുപ്പത്തില്‍ ഓടിട്ട വീടിന് കീഴെ കിടന്നുറങ്ങുമ്പോള്‍ രാത്രി നല്ല മഴ പെയ്യുമ്പോള്‍, ഈ ഓടുകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ ഇടക്കിടെ നമ്മുടെ ദേഹത്ത് വന്ന് വീഴുമ്പോള്‍ ശരീരമാകെ ഒരു കുളിര്‍മ്മയുണ്ടാകും, ഫാനൊന്നുമില്ലാതിരുന്ന ആ കാലത്ത്, വല്ലാതെ ഉഷ്ണിച്ച് കിടക്കുമ്പോള്‍ ഈ മഴത്തുള്ളികള്‍ ഇടക്കിടെ വന്ന് വീഴുമ്പോള്‍ കിട്ടുന്ന സുഖം വളരെ വലുതായിരുന്നു.. അങ്ങനെയുള്ള ഒരവസ്ഥയെ, ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലാം അനുഭവിച്ച് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നൊരു വ്യക്തി തന്റെ അപ്പോഴത്തെ അവസ്ഥയുമായി ചേര്‍ത്തുനിര്‍ത്തി സംസാരിക്കുമ്പോള്‍, ഇത് പറയുന്ന വ്യക്തിയില്‍ ആകൃഷ്ടനായി അതേ ലക്ഷ്യത്തോടെ മുന്നോട്ടുപോയി പരാജയപ്പെട്ട മറ്റൊരാള്‍ തന്റെ ജീവിതത്തിലും ഇതേ വൈകാരികാനുഭവം മറ്റൊരു തരത്തില്‍ താനും അനുഭവിച്ചിട്ടുള്ളതായി ഓര്‍ത്തെടുക്കുകയാണ്..

കെ ടി എസ് പടന്നയില്‍ ചേട്ടന്റെ ജീവിതവുമായി ചേര്‍ത്തുവായിക്കുവാന്‍ നല്ലപോലെ സാധിക്കുന്ന കഥാപാത്രമായതുകൊണ്ട് അദ്ദേഹത്തെ തന്നെയാണ് മുഖ്യകഥാപാത്രമാക്കിയത്.. അദ്ദേഹവുമായി നല്ലപോലെ കണക്ട് ചെയ്യുവാന്‍ സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണ്ടിട്ടുള്ളവര്‍ അറിയിച്ചത്.. ഒരുകാലത്ത് നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ചിരുന്ന, നമ്മള്‍ മറന്നുതുടങ്ങിയിരുന്ന അദ്ദേഹത്തെ പോലുള്ളവരെയൊക്കെ നാളുകള്‍ക്ക് ശേഷം ഓര്‍ക്കുവാനും ഇത് കാരണമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു..

അതുപോലെ ജയരാജ് സാറിന്റെ സിനിമകളില്‍ മാത്രം കണ്ടിരുന്ന “വാവച്ചന്‍” എന്ന മനുഷ്യന്‍ എനിക്കൊരുപാട് കൗതുകവും, ഇഷ്ടവുമൊക്കെയുള്ള ഒരാളായിരുന്നു.. പണ്ട് ചിത്രഗീതത്തില്‍ ജയറാമേട്ടന്റെ “ചിത്രശലഭം” എന്ന ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ കുറച്ചു കുട്ടികളെ പേടിപ്പിച്ച് ഓടിച്ച് നടന്നുവരുന്ന കണ്ണടയും വച്ച്, നിക്കറുമിട്ട്, കൈയ്യിലൊരു വടിയുമായിട്ടുള്ള ഒരപ്പാപ്പന്‍ അങ്ങനെയാണ് വാവച്ചനെ ഞാന്‍ ആദ്യം കാണുന്നത്, അന്നുതൊട്ട് തുടങ്ങിയ ഒരു വല്ലാത്ത കൗതുകം കലര്‍ന്ന ഇഷ്ടമാണ് ആ മനുഷ്യനോട്..

അദ്ദേഹത്തെ കാണുവാനായി മാത്രം കോട്ടയം ചുങ്കപ്പാറ വരെ യാത്ര ചെയ്തിട്ടുണ്ട് ഞാന്‍.. അങ്ങനെയുള്ള എന്റെ വലിയൊരാഗ്രഹമായിരുന്നു വാവച്ചനെയും, പടന്ന ചേട്ടനെയും എന്റെ കഥാപാത്രങ്ങളാക്കി ഒരു ഫ്രെയിമില്‍ കൊണ്ടുവരുകയയെന്നത്, അതും സാധിച്ചു.. പിന്നെയുള്ള ഒരു പ്രധാന കഥാപാത്രം ചെയ്തത് “ദീപക് അഗസ്റ്റിന്‍” എന്ന എന്റെ വളരെക്കാലമായുള്ളൊരു സുഹൃത്തായിരുന്നു.. ഇവരൊക്കെയാണിതില്‍ അഭിനയിച്ചത്…