IFFK24: പെഡ്രോ കോസ്റ്റയുടെ 'ബോറടിപ്പിക്കുന്ന' സ്ലോ സിനിമ; 'വിറ്റാലിന വരേല'

ഈ വർഷത്തെ കേരള അന്തരാഷ്ട്ര ചലച്ചിത്ര മേളയിലെ “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിലേക്ക് സിനിമകൾ തിരഞ്ഞെടുത്തതിൽ ക്രമക്കേടും പക്ഷപാതിത്വവും ആരോപിച്ച്‌ ഒരുപറ്റം സതന്ത്ര സിനിമ പ്രവർത്തകർ ചലച്ചിത്ര അക്കാദമിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടുത്ത ഘട്ട വാദം കേൾക്കൽ നാളെ നടക്കാനിരിക്കെ ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിച്ചു. സിനിമകളുടെ തിരഞ്ഞെടുപ്പിലെ കണിശതയെക്കാൾ കാഴ്ചക്കാരുടെ പങ്കാളിത്തത്തിനും ജനപ്രിയതയ്ക്കുമാണ് ചലച്ചിത്ര മേളയുടെ സംഘടകർ പ്രാധാന്യം നൽകുന്നത് എന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്.

മേളയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാള സിനമകളിൽ ഭൂരിഭാഗവും തീയറ്ററിൽ പ്രദർശനം കഴിഞ്ഞു വന്നിട്ടുള്ളവയാണ്. അതിനാൽ തന്നെ മലയാള ചലച്ചിത്രങ്ങളിൽ “പുതിയത്” എന്ന് പറയാവുന്ന ചിത്രങ്ങൾ എണ്ണത്തിൽ കുറവാണ്. ലോക സിനമ വിഭാഗത്തിൽ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് പെഡ്രോ കോസ്റ്റയുടെ “വിറ്റാലിന വരേല” എന്ന ചലച്ചിത്രം. പോർച്ചുഗീസ് സംവിധായകനായ പെഡ്രോ കോസ്റ്റയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് “വിറ്റാലിന വരേല”. ഇക്കഴിഞ്ഞ ലോക്കർനോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് (ഇറ്റാലിയൻ: പാർഡോ ഡി ഓറോ), പുരസ്ക്കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

“ദി ഗാർഡിയൻ” പത്രത്തിന്റെ സിനിമ നിരൂപകൻ പീറ്റർ ബ്രാഡ്‌ഷോ പെഡ്രോ കോസ്റ്റയെ വിശേഷിപ്പിച്ചതിട്ടുള്ളത് “സിനിമയിലെ സാമുവൽ ബെക്കറ്റ്” എന്നാണ്. പോസ്റ്റ് കൊളോണിയൽ പോർച്ചുഗലിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ നിരാശാജനകമായ ജീവിത സാഹചര്യങ്ങളാണ് പെഡ്രോ കോസ്റ്റയുടെ സിനിമകളിൽ വിഷയമാവാറുള്ളത്. സിനിമയിൽ മിതത്വത്തിന്റെ ശൈലി ഉപയോഗിക്കുന്നതിന് പ്രശംസ പിടിച്ചുപറ്റിയ ചലച്ചിത്രകാരൻ കൂടിയാണ് പെഡ്രോ കോസ്റ്റ. അദ്ദേഹത്തിന്റെ പല സിനിമകളും ലിസ്ബണിലെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ജീവിതങ്ങളെ ചിത്രീകരിക്കുന്നവയാണ്.

പെഡ്രോ കോസ്റ്റയുടെ ചലച്ചിത്രങ്ങളുടെ ഒരു പ്രധാന സവിശേഷത അവ “സ്ലോ സിനിമ” വിഭാഗത്തിൽ പെടുന്നു എന്നുള്ളതാണ്.ലോകപ്രശസ്ത സംവിധായകരായ ആന്ദ്രേ തർക്കോവിസ്‌ക്കി, ചന്തൽ അക്കർമാൻ തുടങ്ങിയവർ സ്ലോ സിനിമയുടെ പ്രയോക്താക്കളായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ “സ്ലോ സിനിമ” ശൈലിയിൽ നിരവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. പെഡ്രോ കോസ്റ്റയെ കൂടാതെ ലാവ് ഡയസ്, അപിചത്പോങ് വീരസെതാകുൽ തുടങ്ങിയ സംവിധായകർ സ്ലോ സിനിമ ശൈലിയിൽ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നവരിൽ പ്രശസ്തരാണ്. സമയ കലയായ സിനിമയുടെ സൗന്ദര്യം പൂർണ്ണമായും ഉൾകൊള്ളാൻ ശ്രമിക്കുന്നവയാണ് സ്ലോ സിനിമകൾ. ദൈർഖ്യം കൂടിയ ഷോട്ടുകൾ, മന്ദമായ ക്യാമറ-കഥാപാത്ര ചലനങ്ങൾ എന്നിവ സ്ലോ സിനിമയുടെ പ്രത്യേകതകളാണ്. സമയത്തെയും കാലത്തെയും കലർപ്പില്ലാതെ ധ്യാനാത്മകമായി പകർത്താനാണ് സ്ലോ സിനിമകൾ ശ്രമിക്കുന്നത്. പലപ്പോഴും സ്ലോ സിനിമയുടെ കാഴ്ചക്കിടയിൽ പ്രേക്ഷകന് വിരസത അനുഭവപ്പെട്ടേക്കാം, ഉറക്കം വന്നേക്കാം എന്നാൽ സ്ലോ സിനിമ സംവിധായകർ ഇത്തരം അനുഭവങ്ങളെ സ്വാഗതം ചെയ്യാറാണ് പതിവ്. തങ്ങളുടെ സിനിമകൾ കാണുമ്പോൾ ഉറക്കം വരുന്നെങ്കിൽ അതിനെ നല്ല ലക്ഷണമായാണ് ലാവ് ഡയസ്, അപിചത്പോങ് വീരസെതാകുൽ തുടങ്ങിയ സംവിധായകർ കരുതുന്നത്. ഇത്തരം ചലച്ചിത്രങ്ങൾ കേവലം ഒരൊറ്റ കാഴ്ചയിൽ പ്രേക്ഷകനോട് സംവദിച്ചേക്കണമെന്നില്ല, ആദ്യത്തെയോ, രണ്ടാമത്തെയോ മൂന്നാമത്തെയോ, ചിലപ്പോൾ കണ്ടുകഴിഞ്ഞുള്ള ചിത്രത്തെ കുറിച്ചുള്ള ആലോചനകളിലോ ആയിരിക്കാം സിനിമ പ്രദാനം ചെയ്ത അനുഭൂതിയുടെ തലം പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുക.

“വിറ്റാലിന വരേല”യിൽ തന്റെ ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ് കേപ് വെർഡിൽ നിന്ന് ലിസ്ബണിന്റെ പ്രാന്തപ്രദേശത്തുള്ള ഫോണ്ടൈൻ‌ഹാസ് എന്ന സ്ഥലത്ത് ഒരു സ്ത്രീ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പെഡ്രോ കോസ്റ്റയുടെ മുൻ ചിത്രമായ, ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ “ഹോഴ്സ് മണി” (2014) എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച വിറ്റാലിന വരേല എന്ന നടിയാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ പേര് തന്നെയാണ് സിനിമയ്ക്കും കേന്ദ്ര കഥാപാത്രത്തിനും. വിറ്റാലിന വരേല എന്ന നടിയുടെ സ്വന്തം ജീവിതാനുഭവങ്ങളും ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്. “വിറ്റാലിന വരേല” ഒരുപക്ഷെ പ്രേക്ഷകനെ ബോറടിപ്പിച്ചേക്കാം, ഉറക്കിയേക്കാം എന്നാൽ ഈ ചിത്രത്തെ കുറിച്ച്‌ പിന്നീട് എപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന ചിന്തകൾ സിനമ എന്ന സമയ കലയുടെ സൗന്ദര്യാനുഭൂതി പ്രേക്ഷകനിലേക്ക് പകരാതിരിക്കില്ല.