വിവാദപ്രസംഗം; പാ രഞ്ജിത് ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്ന പദ്ധതിയുടെ സഹായി എന്ന് ബി.ജെ.പി നേതാവ്

ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ വര്‍ഗീയ ആരോപണവുമായി ബിജെപി നേതാവ് എച്ച്. രാജ രംഗത്ത് വന്നിരിക്കുകയാണ്. പാ രഞ്ജിത് ക്രിസ്തുമതത്തിലേക്ക് ആളുകളെ മതം മാറ്റുന്ന പദ്ധതിയുടെ സഹായിയാണെന്നാണ് രാജ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരിക്കുന്നത്. പാ രഞ്ജിത് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് ട്വിറ്ററില്‍ രാജ പങ്കുവെച്ചിരിക്കുന്നത്.

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പോലീസ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമം(153) രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക( 153(എ)(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതായതെന്നും ദളിതന്റെ ഭൂമി പിടിച്ചെടുത്ത് ഈ വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് രഞ്ജിത്ത് ഇങ്ങിനെ പ്രസംഗിച്ചത്.

ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

അതേസമയം, പെരിയോറിന്റെയും അംബേദ്കറിന്റെയും പാത പിന്‍പറ്റുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് താനെന്നും ചരിത്രസത്യങ്ങളാണ് താന്‍ വിളിച്ചു പറഞ്ഞതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രഞ്ജിത് പറഞ്ഞിരുന്നു.