മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല, അധികകാലം സുരേഷ് ഗോപി വിഷമയമായ ബി.ജെ.പിയില്‍ തുടരുമെന്ന് തോന്നുന്നില്ല: എന്‍.എസ് മാധവന്‍

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മറ്റൊരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ തയാറായില്ല. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

“”സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്.””

“”അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല”” എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് പൃഥ്വിരാജ് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ജനം ടിവിയില്‍ താരത്തെയും കുടുംബത്തേയും അധിക്ഷേപിക്കുന്ന രീതിയില്‍ ലേഖനവും എത്തിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചാരണമുണ്ടാവാം കുപ്രചാരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.