നായികയായി നസ്രിയ, വില്ലന്‍ വേഷത്തില്‍ ഫഹദും; തെലുങ്കില്‍ തിളങ്ങാന്‍ താരങ്ങള്‍

മലയാള സിനിമയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് തെലുങ്കിലേക്ക് എത്തി നസ്രിയ- ഫഹദ് ദമ്പതികള്‍. തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയയും ഫഹദ് ഫാസിലും. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന “അണ്ടേ സുന്ദരാനികി” എന്ന ചിത്രത്തില്‍ നാനിയുടെ നായിക ആയാണ് നസ്രിയ വേഷമിടുക.

അല്ലു അര്‍ജുന്‍ ചിത്രം “പുഷ്പ”യില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇരു ചിത്രങ്ങളിലും രണ്ടു പേരുടെയും ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ഒരേ സമയത്ത് ക്രമീകരിച്ചാണ് ഇരവവരും ഷൂട്ടിന് ജോയിന്‍ ചെയ്തിരിക്കുന്നത്. താരങ്ങള്‍ ഹൈദരാബാദില്‍ എത്തിയ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെ പുറത്ത് വന്നിരുന്നു.

ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. “”ഇന്ന് ഞാന്‍ എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ആദ്യത്തേത് എപ്പോഴും സ്‌പെഷല്‍ ആയിരിക്കും. അണ്ടേ സുന്ദരാനികി സ്‌പെഷല്‍ ആയിരിക്കും”” എന്നാണ് താരം കുറിച്ചത്.

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുക. ചില ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസറും കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു.