സംഗീതസംവിധായകന് തമന്‍ എസിന് പോര്‍ഷെ കാര്‍ സമ്മാനിച്ച് നടന്‍ നന്ദമുരി ബാലകൃഷ്ണ. ‘ഡാകു മഹാരാജ്’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ബാലയ്യ സംഗീതസംവിധായകന് പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെ സമ്മാനിച്ചത്. ഏകദേശം രണ്ട് കോടി രൂപയാണ് ഈ ആഡംബര കാറിന്റെ വില.
ബാലയ്യ തമന്‍ എസിന് പോര്‍ഷെ സമ്മാനിക്കുന്ന ചിത്രം താരത്തിന്റെ സോഷ്യല്‍ മീഡിയ ടീം പുറത്തുവിട്ടിട്ടുണ്ട്. ഡാകു മഹാരാജയ്ക്ക് പുറമെ അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതവും നിര്‍വഹിച്ചത് തമന്‍ തന്നെയാണ്. ഈ സിനിമകളില്‍ തമന്‍ ബാലയ്യയുടെ എന്‍ട്രിക്ക് നല്‍കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലയ്യയെ അഭിനന്ദിച്ച് ആരാധകര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. ഒരു കാലത്ത് ബാലയ്യയെ കുറിച്ച് ട്രോളുണ്ടാക്കിയവര്‍ ഇന്ന് നടനായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന് തമന്റെ സംഗീതവും ഒരു കാരണമാണ് എന്നാണ് ആരാധകര്‍ കമന്റുകളായി കുറിക്കുന്നത്. അതേസമയം, കെഎസ് രവിന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്തത്.
ബാലയ്യയ്ക്കൊപ്പം ബോബി ഡിയോളും ഉര്‍വശി റൗട്ടേലയും അഭിനയിച്ച ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. തുടര്‍ച്ചയായി 100 കോടി ക്ലബ്ബിലെത്തുന്ന ബാലയ്യയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രം ഫെബ്രുവരി 21ന് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.