ആകാംക്ഷ ഉണര്‍ത്തി ലാല്‍ജോസിന്റെ 'നാല്പത്തിയൊന്ന്'; ടീസര്‍

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനത്തിലൊരുങ്ങുന്ന നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നാല്പത്തിയൊന്ന് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു.

നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.