'മനപൂര്‍വ്വമല്ല, നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്'; ക്ഷമാപണവുമായി അണിയറ പ്രവര്‍ത്തകര്‍; 'മുന്തിരി മൊഞ്ചന്‍' നാളെ എത്തും

നവാഗതനായ വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന “മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ” നാളെ തിയേറ്ററുകളിലെത്തും. ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം ഗോപിക അനിലാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ദൈര്‍ഘ്യം ചുരുക്കിയതിന്റെ ഭാഗമായി ചില സീനുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാല്‍ കുറച്ചു പേര്‍ ഈ സിനിമയില്‍ നിന്നും പുറത്തു പോയതിന് ക്ഷമാപണമറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

“നാളെ ഡിസംബര്‍ 6. “”മുന്തിരി മൊഞ്ചന്‍”” റിലീസ് ആവുകയാണ്. കേരളത്തിലെ 75 തിയേറ്ററുകളിലും മറ്റു സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 51 സ്‌ക്രീനുകളില്‍ ഡിസംബര്‍ 19നും. എന്നെപ്പോലുള്ള കുറെയേറെ പുതിയ ആളുകളുടെ സിനിമയാണിത്. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു സിനിമ. നിങ്ങളെ എന്റെര്‍റ്റൈന്‍ ചെയ്യുമെന്നാണ് വിശ്വാസം. വിശ്വാസം സത്യമാകുന്നത് നിങ്ങള്‍ക്കു സിനിമ ഇഷ്ടപെട്ടാല്‍ മാത്രമാണ്. ചിത്രത്തിന്റെ ദൈര്‍ഘ്യം ചുരുക്കിയതിന്റെ ഭാഗമായി ചില സീനുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാല്‍ കുറച്ചു പേര്‍ ഈ സിനിമയില്‍ നിന്നും പുറത്തു പോയിട്ടുണ്ട്. അതില്‍ ഏറ്റവും വിഷമം ആദ്യമായി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രിയ സുഹൃത്തുകളുടെ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാലാണ്. മനഃപൂര്‍വ്വമല്ലാതെ നിവൃത്തികേട് കൊണ്ട് സംഭവിച്ചു പോയതാണ്….ക്ഷമിക്കണം. മിക്കവരെയും നേരിട്ട് വിളിച്ചു പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അല്ലാത്തവര്‍ സാഹചര്യം മനസിലാക്കി ക്ഷമിക്കും എന്ന് കരുതുന്നു.”

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപിക(കൈരാവി തക്കര്‍) വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.

ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി. വളരെ സിംപിളായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ വേഗം ഈ ചിത്രം ഉള്‍ക്കൊളളാനാകും.അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണെന്ന് സംവിധായകന്‍ പറഞ്ഞു. ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചന്‍.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍ (ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ഷാന്‍ ഹാഫ്സാലി, സംഗീതം വിജിത്ത് നമ്പ്യാര്‍, പശ്ചാത്തല സംഗീതം റിജോഷ്. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)