മോഹൻലാലിന്റെ ഓണചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൂപ്പർതാരത്തെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്
ചിത്രം റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. ‘പ്രിയപ്പെട്ട പ്രേക്ഷകർ, ഹൃദയം കൊണ്ട് ‘ഹൃദയപൂർവ്വ’ത്തെ സ്വീകരിച്ചു എന്നറിയുന്നതിൽ ഒരുപാടു സന്തോഷം. ഞാനിപ്പോൾ യു.എസിലാണ്. ഇവിടെയും നല്ല റിപ്പോർട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം. ഇങ്ങനെ ഒരു സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ഇതൊരു വിജയചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാൻ ആശംസിക്കുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ‘ഹൃദയപൂർവം’ ഓണാശംസകൾ’ എന്നാണ് മോഹൻലാൽ വിഡിയോയിൽ പറയുന്നത്.
ഈ വർഷം എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമായി മാറിയിരിക്കുകയാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാളവിക മോഹനൻ, ജനാർദനൻ, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മകനും സംവിധായകനുമായ അഖിൽ സത്യൻ്റെ കഥയിലാണ് സത്യൻ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി പി സോനു എന്ന നവാഗതൻ തിരക്കഥ എഴുതിയിരിക്കുന്നു.







