റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍, വില 3.85 കോടി

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍.ബി.ഡബ്ല്യു സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ ഓട്ടോബയോഗ്രഫി ലോംഗ് വീല്‍ബെയ്‌സാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്ന് നടന്‍ വാങ്ങിയത്.

പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റു വാങ്ങുന്നതിന്റെയും തുടര്‍ന്ന് തന്റെ പുതിയ വാഹനം ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ മോഹന്‍ലാലും പങ്കാളിയായ സുചിത്രയും ഉണ്ട്. മുതിര്‍ന്ന ഏഴ് പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെന്റി മീറ്റര്‍ ടച്ച് സ്‌ക്രീന്‍ ആണ് ഉള്ളത്.

ഈ വാഹനത്തിന്റെ വിവിധ മോഡലുകള്‍ ഡീസലിലും പെട്രോളിലും ലഭ്യമാണ്. വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു 2020 ന്റെ തുടക്കം മുതല്‍ താരം സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്.

1.15 കോടിയായിരുന്നു ഇതിന്റെ വില. വെല്‍ഫയര്‍ കൂടാതെ ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും മോഹന്‍ലാലിനുണ്ട്.