മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ഹൃദയപൂർവ്വം സിനിമയുടെ ടീസർ പുറത്തിറങ്ങി. 1.05 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ചിത്രത്തിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. കോമഡി ഫീൽഗുഡ് വിഭാഗത്തിൽപ്പെടുന്ന സിനിമയെന്ന സൂചനയാണ് ഹൃദയപൂർവ്വം ടീസറിൽ നിന്നും ലഭിക്കുന്നത്. ടീസറിൽ ഒരു മറുഭാഷാ പ്രേക്ഷകന്റെ ഫഹദ് ഫാസിൽ റഫറൻസും അതിനോടുള്ള മോഹൻലാലിൻറെ മറുപടിയും ചിരിയുണർത്തുന്നുണ്ട്. പൂനെ പശ്ചാത്തലമാകുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. ഒപ്പം പ്രേമലുവിലൂടെ ശ്രദ്ധേയനായ സംഗീത് പ്രതാപും പ്രധാന വേഷത്തിലുണ്ട്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിന്റെ ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററുകളിലേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മകനും സംവിധായകനുമായ അഖിൽ സത്യൻ്റെ കഥയിലാണ് സത്യൻ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി.
ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.