'ഹൃദയപൂർവ്വം' കാണാൻ കുടുംബസമേതം അമേരിക്കയിലെ തിയേറ്ററിലെത്തി മോഹൻലാൽ; സൂപ്പർതാരത്തെ വരവേറ്റ് ആരാധകർ

മോഹൻലാലിന്റെ ഓണചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൂപ്പർതാരത്തെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. ഫീൽ​ഗുഡ് കോമഡി ചിത്രമാണ് സിനിമയെന്നാണ് ആദ്യ ദിനം സിനിമ കണ്ടവരുടെ അഭിപ്രായം. ഹൃദയപൂർവ്വം കുടുംബത്തിനൊപ്പം അമേരിക്കയിൽ വച്ചാണ് മോഹൻലാൽ കണ്ടത്. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ അമേരിക്കയിലെ തിയേറ്ററിൽ എത്തിയത്.

അമേരിക്കയിലെ മലയാളികൾക്ക് ഒപ്പം ആഘോഷിച്ചാണ് നടൻ സിനിമ കണ്ടത്. തിയേറ്ററിലെത്തിയ സൂപ്പർതാരത്തെ ആർപ്പുവിളികളോടെ വരവേൽക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൃദയപൂർവ്വത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയ്ക്ക് നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നുമാണ് അഭിപ്രായങ്ങൾ.

ഈ വർഷം എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമായി മാറിയിരിക്കുകയാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാളവിക മോഹനൻ, ജനാർദനൻ, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മകനും സംവിധായകനുമായ അഖിൽ സത്യൻ്റെ കഥയിലാണ് സത്യൻ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി പി സോനു എന്ന നവാഗതൻ തിരക്കഥ എഴുതിയിരിക്കുന്നു.

അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.