വീണ്ടുമൊരു 'എ' പടം..; പുതിയ പ്രോജക്ടുമായി മിഥുന്‍ മാനുവല്‍, പ്രമേയം കൂടത്തായി സംഭവം?

പുതിയ പ്രോജക്ടുമായി മിഥുന്‍ മാനുവല്‍ തോമസ്. ‘എബ്രഹാം ഓസ്‌ലര്‍’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് ഒരു സീരിസ് ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് വേണ്ടി ഒരുക്കുന്ന സീരിസിന്റെ പേര് ‘അണലി’ എന്നാണ്. പാലായിലും പരിസരങ്ങളിലും ആയിട്ടാണ് സീരീസ് ചിത്രീകരിക്കുക.

ഇതോടെ മിഥുന്‍ മാനുവല്‍ സിനിമകളുടെ പേരും ചര്‍ച്ചകളില്‍ നിറയുകയാണ്. ‘ആട്’, ‘ആന്‍മരിയ കലിപ്പിലാണ്’, ‘അലമാര’, ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’, ‘അഞ്ചാംപാതിര’, ‘എബ്രഹാം ഓസ്‌ലര്‍’ എന്നിങ്ങനെ മിഥുന്‍ സംവിധാനം ചെയ്ത എല്ലാ സിനിമകളുടെ ടൈറ്റിലുകള്‍ എ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവയാണ്.

അതേസമയം, അണലി സീരിസ് കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യൂമെന്ററിയും കൂടത്തായി എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും കേസ് ആസ്പദമായി ഒരുങ്ങിയിരുന്നു.

മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും ‘ജനമൈത്രി’ എന്ന സിനിമയുടെ സംവിധായകനുമാണ് ജോണ്‍.